മുംബൈ:വിവാഹിതരായ ആനന്ദ് അംബാനിയെയും രാധിക മെർചൻ്റിനെയും ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച വൈകിട്ട് മുംബൈ ജിയോ വേൾഡ് സെൻ്ററിൽ നടന്ന ‘ശുഭ ആശിർവാദ്’ ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.ആനന്ദും രാധികയും പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വിവാഹ ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ മുകേഷും നിതയും ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ മുകേഷ് അംബാനി സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. സദസിന്റെ മുൻനിരയിലായിരുന്നു പ്രധാനമന്ത്രി.ജോഷിമഠ് ജ്യോതിഷ് പീഠ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി, ദ്വാരകാപീഠ ശങ്കരാചാര്യർ സ്വാമി സദാനന്ദ സരസ്വതി എന്നിവരും ചടങ്ങിനെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശങ്കരാചാര്യരെ കണ്ട് അനുഗ്രഹം തേടി. കാലുതൊട്ട് വന്ദിച്ച പ്രധാനമന്ത്രിക്ക് സ്വാമി കഴുത്തിലെ രുദ്രാക്ഷ മാലയൂരി നൽകുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച മുംബൈയിലെ ജിയോ വേൾഡ് കൺസെൻ്ററിൽ നടന്ന ചടങ്ങിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ ഇളയ മകൻ ആനന്ദ് അംബാനിയും വ്യവസായി വീരേൻ മെർചൻ്റ് – ഷൈല വീരേൻ മെർചൻ്റ് ദമ്പതികളുടെ മകൾ രാധിക മെർചൻ്റും വിവാഹിതരായത്. വിവാഹ ശേഷമുള്ള ‘ശുഭ ആശിർവാദ്’ എന്ന ചടങ്ങാണ് ഇന്ന് നടക്കുന്നത്. ‘മംഗള ഉത്സവ്’ എന്ന റിസപ്ഷൻ ഞായറാഴ്ച നടക്കും.
Discussion about this post