ന്യൂഡൽഹി : അടുത്ത 25 വർഷത്തിനുള്ളിൽ വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ പത്രങ്ങളുടെ പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്ത് വ്യവഹാരം സൃഷിടിക്കുകയാണ് മാദ്ധ്യമങ്ങളുടെ സ്വാഭാവിക ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്സിൽ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ സെക്രട്ടേറിയറ്റായ ഐഎൻഎസ് ടവേഴ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യം എങ്ങനെ ഡിജിറ്റൽ പേയ്മെന്റിൽ മുന്നിട്ട് നിൽക്കുന്നുവെന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ അതിന്റെ സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ അവരുടെ ആഗോള സാന്നിധ്യം വർദ്ധിപ്പിക്കണം. ഇന്ത്യയുടെ വിജയം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കേണ്ടത് മാദ്ധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. മാദ്ധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014 ന് മുൻപ്, മിക്ക ആളുകൾക്കും സ്റ്റാർട്ടപ്പ് എന്ന വാക്ക് അറിയില്ലായിരുന്നു. എന്നാൽ മാദ്ധ്യമങ്ങൾ അത് എല്ലാ വീട്ടിലും എത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യുമെന്നും മോദി ചൂണ്ടിക്കാട്ടി.
Discussion about this post