ന്യൂഡൽഹി :മൂന്നാം തവണയും നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഖഡ്ഗ പ്രസാദ് ശർമ ഒലിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാഠ്മണ്ഡുവിലെ രാഷ്ട്രപതി ഭവന്റെ പ്രധാന കെട്ടിടമായ ശീതൽ നിവാസിൽ നടന്ന ചടങ്ങിലാണ് ശർമ ഓലി നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധവും കൂടുതൽ ശക്തിപ്പെടുമെന്നും പരസ്പര സഹകരണത്തോടെ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മോദി എക്സിൽ കുറിച്ചു.
നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് നേപ്പാൾ യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) അദ്ധ്യക്ഷനായ ശർമ ഒലി പ്രധാനമന്ത്രിയാകുന്നത്. കെ.പി.ശർമ ഒലിയെ പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി അംഗീകരിച്ചിരുന്നു. ഒലിയുടെ പാർട്ടിയും നേപ്പാളി കോൺഗ്രസും അടങ്ങുന്ന സഖ്യത്തിന് 193 എംപിമാരുടെ പിന്തുണയാണ് ഉള്ളത്.
വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടിൽ പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ പരാജയപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി പദത്തിലേക്ക് കെ.പി. ഒലിയ്ക്ക് വീണ്ടും എത്താൻ സാധിച്ചത്. 275 അംഗ പാർലമെന്റിൽ 63 പേർ മാത്രമേ പ്രചണ്ഡയെ പിന്തുണച്ചുള്ളൂ. 194 പേർ പ്രമേയത്തെ എതിർത്തു വോട്ട് ചെയ്തു.
Discussion about this post