ന്യൂഡൽഹി: ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഓഫീസറടക്കം വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ദോഡയിലെ ഉറാർ ബാഗിയിൽ (ജെ&കെ) തീവ്രവാദ വിരുദ്ധ ഓപ്പറേഷനിടെ ധീരരായ ഇന്ത്യൻ സൈനികരെ നഷ്ടപ്പെട്ടതിൽ അഗാധമായ ദുഃഖമുണ്ട്. എന്റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ഡ്യൂട്ടിയിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ സൈനികരുടെ കുടുംബങ്ങൾക്കൊപ്പം രാഷ്ട്രം ഉറച്ചുനിൽക്കുന്നു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ഭീകരത ഇല്ലാതാക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും നമ്മുടെ സൈനികർ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) നിഴൽ ഗ്രൂപ്പായ ‘കശ്മീർ ടൈഗേഴ്‌സ്’ ആണ് ആക്രമണം നടത്തിയത്.’മുജാഹിദ്ദീനു’ വേണ്ടി സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായതെന്ന് ഭീകര സംഘടന , ഏറ്റുമുട്ടലിന് പിന്നാലെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്നലെ വൈകുന്നേരം ദോഡ ടൗണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയില്‍ ജമ്മു കശ്മീര്‍ പോലീസിന്റെയും രാഷ്ട്രീയ റൈഫിള്‍സിന്റെയും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സംയുക്ത സംഘം തിരച്ചില്‍ ആരംഭിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നത്. ഭീകരരെ തിരയുന്നതിനിടെ സൈന്യത്തിന് നേരെ അപ്രതീക്ഷിതമായി വെടിവയ്‌പ്പുണ്ടാവുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ച് സൈനികരില്‍ നാല് പേർ വീരമൃത്യുവരിക്കുകയായിരുന്നു.
ഭീകരരെ നേരിടുന്നതിനിടയിൽ ഡ്യൂട്ടിക്കിടെ ജീവൻ ത്യജിച്ച ധീരഹൃദയരായ ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് എന്നിവർക്ക് തങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. മേഖലയിൽ സമാധാനം ഉറപ്പാക്കാനാണ് ഡോഡയിൽ ഓപ്പറേഷൻ നടത്തിയതെന്ന്’ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post