തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്നതിനിടെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിൽ കല്ലാർക്കുട്ടി, ലോവർ പെരിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളുടെ സ്പിൽവേകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതായി കെഎസ്ഇബി അറിയിച്ചു.
ഇന്നും നാളെയും കേരളത്തിൽ മഴ കനക്കും. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണമെന്നും അറിയിപ്പുണ്ട്.
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്: പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.
മഞ്ഞ അലർട്ട്: പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), കോട്ടയം ജില്ലയിലെ മണിമല (പുല്ലാക്കയർ സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു.ആയതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.
Discussion about this post