പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ ലഭിച്ചത്. വെള്ളക്കടലാസിൽ ഉത്തരം ഇരുപത് തവണ എഴുതി ഇമെയിൽ അയക്കാനാണ് നിർദ്ദേശം. അഞ്ച് ദിവസം മുൻപാണ് സംഭവം നടന്നത്.
എല്ലാ ദിവസവും രാവിലെ ജില്ലാ പോലീസ് മേധാവി സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം ചേരാറുണ്ട്. ഓരോ ദിവസവും സ്‌റ്റേഷൻ പരിധികളിൽ നടക്കുന്ന കേസുകളാണ് യോഗത്തിൽ ചർച്ച ചെയ്യുക. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്പിയോട് വിവരിക്കേണ്ടത്.
കൂടൽ സ്‌റ്റേഷൻ പരിധിയിൽ നടന്ന സംഭവം സ്റ്റേഷനിലെ വനിതാ എസ്‌ഐ ആണ് വിവരിച്ചത്. എസ്‌ഐയോട് ഭാരതീയ ന്യായസംഹിത പ്രകാരം ഏത് വകുപ്പ് ചുമത്താനാണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചിരുന്നു. ഇതിന് എസ്‌ഐക്ക് ഉത്തരം പറയാനായില്ല. തുടർന്ന് എസ്പി ചുമത്തേണ്ട വകുപ്പുകളുടെ വിശദാംശങ്ങൾ സ്വയം വിവരിക്കുകയും ഇത് വെള്ളക്കടലാസിൽ എഴുതി അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് വനിതാ എസ്‌ഐ ഇത് ഇരുപത് തവണ എഴുതി അയച്ചുകൊടുത്തതായാണ് വിവരം.
അതേസമയം ഇത് പോലീസിൽ പുതിയ കാര്യമല്ല എന്നാണ് എസ്പിയുടെ പ്രതികരണം. നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് ഇക്കാര്യം പറഞ്ഞത്. രണ്ട് തവണ മാത്രം എഴുതാനാണ് നിർദ്ദേശിച്ചത് എന്നും വനിതാ എസ്‌ഐ അത് പാലിച്ചുവെന്നും എസ്പി കൂട്ടിച്ചേർത്തു.
Discussion about this post