ബംഗളൂരു: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഡ്യുടെക് കമ്പനി ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലാണ് ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. അതേസമയം ഈ ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിയ്ക്കാനാണ് കമ്പനി ഉടമ ബൈജു രവീന്ദ്രന്റെ തീരുമാനം.
ബിസിസിഐ നൽകിയ ഹർജിയിൽ ആണ് കോടതിയുടെ അനുകൂല വിധി. ടൂർണമെന്റിന്റെ സ്‌പോൺസർഷിപ്പ് വകയിൽ 158 കോടി ബിസിസിഐയ്ക്ക് ബൈജൂസ് നൽകാനുണ്ട്. ഈ തുക ആവശ്യപ്പെട്ട് ആയിരുന്നു ഹർജി. ഇത്രയും വലിയ തുക നൽകാൻ ബൈജൂസിന് കഴിയുകയില്ലെന്ന് ബോദ്ധ്യമായതോടെ കോടതി കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾക്കായി കോടതി പ്രതിനിധിയെയും നിയമിച്ചു. ബൈജൂസിന്റെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ ഉത്തരവിനെതിരെ ബൈജു ഉടൻ തന്നെ മേൽക്കോടതിയെ സമീപിക്കും എന്നാണ് റിപ്പോർട്ടുകൾ. മേൽക്കോടതിയെ സമീപിച്ചാലും ബൈജുവിന് ആശ്വസിക്കാനുള്ള വകയുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Discussion about this post