കണ്ണൂർ : കണ്ണൂർ ചെങ്ങളായിൽ നിന്നും തൊഴിലുറപ്പ് ജീവനക്കാർ കണ്ടെത്തിയത് നിധി തന്നെയാണെന്ന് പുരാവസ്തു വകുപ്പിന്റെ സ്ഥിരീകരണം. കണ്ടെത്തിയ സ്വർണത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. 1659 കാലഘട്ടം മുതൽ ഉപയോഗിച്ചിരുന്ന വെനീഷ്യൻ ഡെക്കാത്ത് ഇനത്തിൽപ്പെട്ട സ്വർണ്ണനാണയങ്ങളാണ് ആഭരണ രൂപത്തിലാക്കി മാറ്റിയിട്ടുള്ളത്.
കണ്ടെത്തപ്പെട്ട നിധിയിൽ പഴയകാല ഇൻഡോ ഫ്രഞ്ച് നാണയങ്ങളും വീരരായൻ പണവും ഉൾപ്പെടുന്നുണ്ടെന്നും പുരാവസ്തു വകുപ്പ് അറിയിച്ചു. നിധിയുമായി ബന്ധപ്പെട്ട പ്രാഥമിക പരിശോധനകൾ പുരാവസ്തു വകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു. വെനീസിലെ മൂന്ന് പ്രഭുക്കന്മാരുടെ പേരിലുള്ള സ്വർണനാണയങ്ങളാണ് നിധിയിൽ കണ്ടെത്തിയ ലോക്കറ്റുകൾ എന്നും പുരാവസ്തു വകുപ്പ് അറിയിച്ചു.
കണ്ണൂർ പരിപ്പായിയിൽ പി പി താജുദ്ദീന്റെ റബ്ബർ തോട്ടത്തിൽ നിന്നുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ മഴക്കുഴി നിർമ്മാണത്തിനിടയിൽ നിധി കണ്ടെത്തിയിരുന്നത്. 14 സ്വർണ്ണ ലോക്കറ്റുകൾ, നാല് പതക്കങ്ങൾ, 19 സ്വർണ്ണ മുത്തുകൾ, 5 മോതിരങ്ങൾ , ഒരു ജോഡി കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് പാത്രത്തിനുള്ളിലാക്കി സൂക്ഷിച്ചിരുന്ന നിലയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്.
Discussion about this post