തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ഇന്ന്. രാവിലെ 11.30 ന് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. മാലിന്യനീക്കവുമായി ബന്ധപ്പെട്ടാണ് അടിയന്തിര യോഗം.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം – റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എം എൽ എമാരും തിരുവനന്തപുരം മേയറും യോഗത്തിൽ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് ചെറിയ മഴയിൽ തന്നെ തമ്പാനൂരും പരിസരവും വെള്ളത്തിലാകുന്ന സ്ഥിതിവിശേഷം ആണ് ഉണ്ടാകുന്നത്. ഇതിന് പുറമേ മാലിന്യം കെട്ടിക്കിടക്കുന്നത് സമീപവാസികളിൽ ഗുരുതര രോഗങ്ങൾക്കും കാരണം ആകുന്നുണ്ട്. ഇതേ തുടർന്നാണ് യോഗം വിളിച്ച് ഇതിന് പരിഹാരം കാണാൻ സർക്കാർ തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ശുചീകരണ തൊഴിലാളിയായ ജോയ് ഒഴുക്കിൽപ്പെട്ടത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം തകരപ്പറമ്പ് ഭാഗത്തെ കനാലിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
Discussion about this post