ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടിന്ന ഫുഡ് റീലുകൾ നമുക്ക് എത്ര കണ്ടാലും മതിവരാത്തവയാണ്. മനുഷ്യരെ ഒരു തരം അഡിക്ഷനിലേക്ക് കൊണ്ടെത്തിക്കാൻ വരെ ഈ റീലുകൾക്ക് സാധിക്കും. മികച്ച ക്യാമറ ക്വാളിറ്റിയോടെ സൂം ഇൻ ചെയ്തും ഫിൽട്ടർ ചെയ്തുമൊക്കെ പകർത്തുന്ന റീലുകൾ നാം എത്ര നേരം വേണമെങ്കിലും മതിവരാതെ കണ്ടിരിക്കും. ആകർഷകമായ ദൃശ്യങ്ങളും അവതരണ രീതിയും ഭക്ഷണം ഉണ്ടാക്കുന്നതുമെല്ലാം കാണാൻ വളരെ ഭംഗിയാണ്.
അടുത്തിടെയാണ് മിക്ക ഇൻഫ്‌ളുവൻസർമാരും വ്‌ളോഗർമാരും ഫുഡ് വ്‌ളോഗും മറ്റും ചെയ്യുന്നത് വർദ്ധിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ പോകുകയും അവിടുത്തെ ഭക്ഷണം കഴിച്ച് റിവ്യൂ പറയുകയുമെല്ലാം പണ്ട് ചുരുക്കം ചിലർ മാത്രമാണ് ചെയ്തിരുന്നതെങ്കിൽ, ഇന്ന് ഇങ്ങനെ ചെയ്യുന്നവരുടെ എണ്ണം കുത്തനെ വർദ്ധിച്ചിരിക്കുകയാണ്. ഇത്തരം വ്‌ളോഗുകൾ മികച്ച വരുമാന മാർഗമാണെന്ന കണ്ടെത്തൽ തന്നെയാണ് ഈ ഒരു മേഖലയിലേക്ക് എല്ലാവരേയും ആകർഷിക്കുന്നതും.
എന്നാൽ ഇത്തരം റീലുകൾ സ്ഥിരമായ കാണുന്നത് നമ്മുടെ ശരീരഭാരം വർദ്ധിപ്പിക്കും എന്ന തരത്തിലുളള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇത് സത്യമാണോ അതോ മിഥ്യയാണോ എന്ന് നമുക്ക് വിദഗ്ധരുടെ അഭിപ്രായങ്ങളിൽ നിന്ന് അറിയാൻ സാധിക്കും.
സ്ഥിരമായ ഫുഡ് റീലുകളും വീഡിയോകളും കാണുന്നത് ആളുകളെ വലിയ രീതിയിൽ സ്വാധീനിക്കും എന്ന് പ്രമുഖ കൗൺസിലിംഗ് സൗക്കോളജിസ്റ്റായ ശിവാംഗി രജ്പുത് പറയുന്നു. ഇത്തരം റീലുകൾ കാണുന്നത് നിങ്ങൾ സന്തോഷവും സംതൃപ്തിയും ഉന്മേഷവും നൽകുക മാത്രമല്ല, അടുക്കളയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും സഹായിക്കുന്നു. അതോടൊപ്പം തന്നെ അവയ്ക്ക് മനുഷ്യരിൽ ആസക്തി (ക്രേവിംഗ്‌സ്) ഉളവാക്കാനും കഴിയും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും അനാരോഗ്യകരമായ രീതികൾ പിന്തുടരുന്നതിലേക്കും ആളുകളെ നയിക്കും.
ആകർഷകമായ ഭക്ഷണങ്ങളുടെ ദൃശ്യങ്ങൾ തുടർച്ചയായി കാണുന്നത് തലച്ചോറിന്റെ ഡോപാമൈൻ സിസ്റ്റത്തെ ആക്റ്റിവേറ്റ് ചെയ്യും. ഇവ ആനന്ദാനുഭൂതി സൃഷ്ടിക്കുകയും അത് വീണ്ടും വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല വീഡിയോയിലുള്ള ഭക്ഷണങ്ങൾ വാങ്ങാൻ കഴിയാതെ വന്നാൽ അത് കുറ്റബോധത്തിലേക്ക് നയിക്കും. ഇത് ആളുകളുടെ ഭക്ഷണശീലങ്ങളിൽ വരെ മാറ്റം വരുത്തും. കൂടുതൽ തവണ ഭക്ഷണം കഴിക്കാനും കുറെയേറെ ഭക്ഷണം കഴിക്കാനും ഇത് പ്രേരിപ്പിക്കും. രാത്രിയിൽ ആവശ്യത്തിലധികം ഭക്ഷണം കഴിക്കാനും ഇത്തരം വീഡിയോകൾ പ്രേരണ നൽകും.
ചില പ്രത്യേക പരസ്യമോ വീഡിയോയോ കാണുന്നത് നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ തീർച്ചയായും ബാധിക്കുമെന്ന് ബംഗളൂരുവിലെ ഗ്ലെനീഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് സുമലത വാസുദേവ പറയുന്നു.
നിങ്ങളുടെ സ്‌ക്രീൻ ടൈം വർദ്ധിക്കുന്നതോടൊപ്പം വ്യായാമം ഇല്ലായ്മയും വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ ശ്രദ്ധയെ ബാധിക്കുകയും മോശം ജീവിതശൈലിയിലേക്ക് വഴിയൊരുക്കുകയും ചെയ്യും. ഇത് സാധാരണ വിശപ്പിനെ തടസ്സപ്പെടുത്തുകയും ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുമെന്ന് സൈക്കോളജിസ്റ്റ് വിശദീകരിക്കുന്നു.
ദീർഘനേരം നീണ്ടുനിൽക്കുന്ന സോഷ്യൽ മീഡിയ ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം ഇല്ലായ്മ, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇതെല്ലാം ശരീരഭാരം വർദ്ധിക്കാനുള്ള പ്രധാനകാരണങ്ങളാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Discussion about this post