മുംബൈ: വാട്‌സ്ആപ്പിനെ വെല്ലുന്ന പുതിയ ചാറ്റ് ആപ്ലിക്കേഷൻ പുറത്തിറക്കി ജിയോ. ജിയോ സേഫ് എന്നാണ് പേര്. ജിയോയുടെ 5ജി ക്വാണ്ടംസെക്വർ നെറ്റ് വർക്ക് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ കമ്മ്യൂണിക്കേൻ സേവനമാണ് ജിയോ സേഫ്
വീഡിയോ കോളിംഗിന് പുറമെ ജിയോ സേഫ് യൂസർമാർ തമ്മിൽ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാനും ഓഡിയോ കോൾ ചെയ്യാനും സാധിക്കും.ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ജിയോസേഫ് ആപ്പ് ലഭ്യമായിട്ടുണ്ട്. ഒരു മാസത്തേക്ക് 199 രൂപയാണ് ജിയോസേഫിനുള്ള സബ്‌സ്‌ക്രിപ്ഷൻ ഫീ. എന്നാൽ ജിയോയുടെ പുത്തൻ ഉൽപന്നം എന്ന നിലയിൽ ആദ്യത്തെ ഒരു വർഷം സൗജന്യമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം.
5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച ജിയോ സിം ഉപയോഗിക്കുന്ന 5ജി സ്മാർട്ട്‌ഫോണുകളിൽ മാത്രമേ ജിയോസേഫ് ആപ്പ് പ്രവർത്തിക്കൂ. 4ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കോ ജിയോ സിം ഇല്ലാത്തവർക്കോ ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാനാവില്ല. ഇപ്പോൾ ഇന്ത്യയിൽ മാത്രമാണ് ജിയോസേഫ് ആപ്പ് നിലവിൽ വന്നിരിക്കുന്നത്.
5ജി ലെവൽ സുരക്ഷ ജിയോ സേഫ് ഉപയോഗിച്ചുള്ള ആശയവിനിമയങ്ങൾക്കുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. കോൺടാക്റ്റിലുള്ളവരുമായുള്ള ആശയവിനിമയങ്ങൾ മറ്റൊരാൾക്കും ലഭിക്കില്ലെന്നും കമ്പനി പറയുന്നു. ക്വാണ്ടം കംപ്യൂട്ടറുകൾ ഉപയോഗിച്ചുള്ള ഹാക്കിങ് ഭീഷണികൾ പോലും തടയാനുള്ള ക്വാണ്ടംറെസിസ്റ്റൻസ് അൽഗൊരിതം ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു.സ്വകാര്യതലംഘന ആരോപണം നേരിടുന്ന വാട്‌സ്ആപ്പിന് ഭീഷണിയായേക്കും ജിയോ സേഫ് എന്നാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
Discussion about this post