അമരാവതി : ആന്ധ്രപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയതോടെ മുടങ്ങിപ്പോയ പഴയ ലുലു പ്രോജക്ട് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചന്ദ്രബാബു നായിഡു. 2,200 കോടി രൂപ ചിലവിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ സമുച്ചയം വിശാഖപട്ടണത്ത് നിർമ്മിക്കാൻ ആയുള്ള ലുലു ഗ്രൂപ്പിന്റെ പദ്ധതിക്ക് തടസ്സമായിരുന്നത് ജഗൻമോഹൻ റെഡ്ഡി സർക്കാരായിരുന്നു. ജഗന്റെ നിലപാടുകളിൽ മനം മടുത്തു ആന്ധ്രപ്രദേശ് വിട്ട ലുലു ഗ്രൂപ്പിനെ വീണ്ടും സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് നിലവിലെ ടിഡിപി സർക്കാർ.
നേരത്തെ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന 2014-19 കാലഘട്ടത്തിൽ ആണ് ലുലു ഗ്രൂപ്പ് വിശാഖപട്ടണത്തെ ഷോപ്പിംഗ് മാൾ ആരംഭിക്കാനായി പദ്ധതിയിട്ടിരുന്നത്. തുറമുഖ നഗരമായ വിശാഖപട്ടണത്തെ ആർ കെ ബീച്ചിന് സമീപം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആയി ലുലു ആരംഭിക്കാൻ ആയുള്ള പദ്ധതിക്ക് ചന്ദ്രബാബു നായിഡുവിന്റെ പൂർണ്ണപിന്തുണ ഉണ്ടായിരുന്നു. 5000 പേർക്ക് പ്രത്യക്ഷത്തിലും 5000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമായിരുന്ന പദ്ധതിയായിരുന്നു ലുലുവിന്റെ ഈ വമ്പൻ പ്രോജക്ട്.
2018ൽ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിൽ അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിശാഖപട്ടണത്തെ ലുലു മാളിന് തറക്കല്ലിടുകയും ചെയ്തു. എന്നാൽ 2019ൽ വൈ എസ് ആർ കോൺഗ്രസ് അധികാരത്തിൽ എത്തുകയും ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രി ആവുകയും ചെയ്തതോടെ അനുവദിച്ച ഭൂമി തിരികെ നൽകണമെന്ന് ലുലു ഗ്രൂപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.
ജഗന്റെ നിലപാടിൽ മനം മടുത്തു ആന്ധ്രപ്രദേശ് വിട്ട ലുലു ഗ്രൂപ്പ് തെലങ്കാനയിലെ ഹൈദരാബാദിൽ ലുലു മാൾ ആരംഭിക്കുകയാണ് ചെയ്തത്. 300 കോടി രൂപ ചിലവിൽ ആയിരുന്നു ഇവിടെ ഷോപ്പിംഗ് മാൾ ഉയർന്നിരുന്നത്. ഹൈദരാബാദിൽ 3000 കോടി രൂപയുടെ അധിക നിക്ഷേപം നടത്താനും ലുലു ഗ്രൂപ്പിന് പദ്ധതിയുണ്ടായിരുന്നു. ഇപ്പോൾ ചന്ദ്രബാബു നായിഡു വീണ്ടും ആന്ധ്രപ്രദേശിൽ അധികാരത്തിൽ എത്തിയതോടെ മുടങ്ങിയ പ്രൊജക്റ്റ് യാഥാർത്ഥ്യമാക്കാൻ ആയി വീണ്ടും ലുലു ഗ്രൂപ്പിനെ ക്ഷണിച്ചിരിക്കുകയാണ്.
Discussion about this post