തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചു. നിലവിൽ ശക്തികൂടിയ ന്യൂനമർദ്ദമായാണ് സ്ഥിതി ചെയ്യുന്നത് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അതിതീവ്ര മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തി കൂടിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിൽ വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഈ സീസണിലെ ആദ്യ തീവ്രന്യൂനമർദ്ദം ആകും ഇത്. അതി തീവ്ര ന്യൂനമർദ്ദം ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോടെയോ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാദ്ധ്യത.
ഇതിന് പുറമേ അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതും കേരളത്തിൽ മഴയുടെ ശക്തികൂട്ടും. ഇവയുടെ സ്വാധീന ഫലമായി വടക്കൻ കേരളത്തിലാകും അതിതീവ്ര മഴ ലഭിക്കുക. മദ്ധ്യ- തെക്കൻ ജില്ലകളിൽ സാധാരണ മഴയാകും ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം അറിയിച്ചു.
അതസമയം അതിതീവ്ര മഴയുടെ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. കോഴിക്കോട് മുതൽ കോട്ടയം വരെ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ മുതൽ തിരുവനന്തപുരം വരെ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post