ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിരോധ സംവിധാനങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മുന്നേറിയെന്ന് വ്യോമസേനാ വൈസ് ചീഫ് എയർ മാർഷൽ എ.പി. സിംഗ്. നമ്മുടെ രാജ്യം ഇന്ന് ആത്മനിർഭരതയിലൂടെയാണ് സഞ്ചരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച പരിഗണന സർക്കാർ നൽകുന്നു. ആത്മനിർഭർ ഭാരതിലൂടെ രാജ്യത്തിന്റെ പ്രതിരോധത്തിന് വേണ്ട ആയുധങ്ങൾ നമ്മൾ തന്നെ നിർമ്മിക്കാൻ ആരംഭിച്ചിരിക്കുന്നു. പ്രതിരോധ മേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും എയർ മാർഷൽ എ.പി. സിംഗ് വ്യക്തമാക്കി.
ഇന്ത്യക്ക് വ്യോമ മേഖലയിൽ ഇതിനകം തന്നെ ശക്തമായ ഒരു എയർ ഡിഫൻസ് നെറ്റ്‌വർക്ക് ഉണ്ടെന്നും എ.പി. സിംഗ് അഭിപ്രായപ്പെട്ടു. ഇന്ന് നമ്മൾ സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്നു. അപ്‌ഗ്രേഡുകളിലൂടെയോ സംഭരണങ്ങളിലൂടെയോ സിസ്റ്റം മെച്ചപ്പെടുത്തുകയാണെന്ന് എപ്പോഴും ഉറപ്പാക്കുന്നു. ഇന്നത്തെ ജിയോപൊളിറ്റിക്സിൽ നിന്ന് നമ്മൾ പഠിച്ച ഏറ്റവും വലിയ പാഠം സ്വാശ്രയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാജ്യത്ത് മുഴങ്ങി കേൾക്കുന്ന ആത്മനിർഭരത, ആത്മനിർഭർ ഭാരത് എന്നിവയൊന്നും വെറും വാക്കുകൾ അല്ല. ഒരു ബാഹ്യ ഏജൻസിയെയും ആശ്രയിക്കാതെ നമ്മുടെ രാജ്യത്തിന് വേണ്ട പ്രതിരോധ സംവിധാനങ്ങൾ നമ്മൾ തന്നെ നിർമ്മിക്കുന്നു. അത് കൂടുതൽ മെച്ചപ്പെട്ടതാകണമെന്ന് ഓരോ ജനങ്ങളും ഉറപ്പാക്കണം. രാജ്യത്തെ സംരക്ഷിക്കുക എന്നുള്ളത് എല്ലാവരുടെയും ജോലിയാണ്, അത് യൂണിഫോമിലുള്ള ഒരാളുടെ മാത്രം ജോലിയല്ല എന്ന് ഓരോ പൗരനും തിരിച്ചറിയുന്നിടത്താണ് ഒരു രാജ്യത്തിന്റെ പ്രതിരോധം ശക്തമാകുന്നത് എന്നും എയർ മാർഷൽ എ.പി. സിംഗ് വ്യക്തമാക്കി.
Discussion about this post