മലപ്പുറം :മലപ്പുറത്തെ 15 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ പരിശോധിച്ചഫലമാണ് പുറത്തുവന്നത്. സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഈ ഫലം പുറത്തുവന്ന ശേഷമെ ഇക്കാര്യം ഔദ്യോഗികമായി പറയാൻ കഴിയുകയുളളുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
നിപ സ്ഥിരീകരിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ആശുപത്രിയുടെ മറ്റ് പ്രവർത്തനങ്ങളെ ബാധിക്കാതെയാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ഐസൊലേഷനിലാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
15 വയസ്സുകാരന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവരെ ഐസൊലേറ്റ് ചെയ്ത് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
Discussion about this post