ബീജിംഗ്: സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടി നേരിട്ട് ചൈന. നടപ്പ് സാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇതോടെ ഇക്കുറി ജിഡിപിയിൽ അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെന്ന രാജ്യത്തിന്റെ മോഹത്തിനാണ് ഭംഗമുണ്ടായിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ 4.7 ശതമാനം വളർച്ച മാത്രമാണ് ചൈന കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.6 ശതമാനം കുറവാണ് ഇത്. സാമ്പത്തിക രംഗത്തെ ഈ തളർച്ച വലിയ ആശങ്കയാണ് രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ളത്.
കൊറോണ വ്യാപനത്തിൽ തളർന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി നിരവധി വാഗ്ദാനങ്ങൾ ആയിരുന്നു ചൈനീസ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് ഇതൊന്നും നടപ്പിലാക്കാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതാണ് സാമ്പത്തിക തകർച്ചയ്ക്ക് അടിസ്ഥാനമിട്ടതെന്നാണ് വിലയിരുത്തൽ.
സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ വ്യാവസായിക ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിൽ ആയിരുന്നു രാജ്യത്തിന്റെ ശ്രദ്ധ. എന്നാൽ വിവിധ തായ്‌വാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചൈനയുണ്ടാക്കിയ പ്രശ്‌നം ഇതിന് തിരിച്ചടിയായി. ദക്ഷിണ ചൈനാ കടലിൽ ഉണ്ടായ പ്രശ്‌നങ്ങളും പ്രതികൂലമായി ബാധിച്ചു. ഈ നില തുടർന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി ചൈനയ്ക്ക് ഉണ്ടാകാം. അതിനാൽ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താൻ മികച്ച പദ്ധതികൾ പ്രസിഡന്റ് ഷീ ജിൻപിംഗ് ആവിഷ്‌കരിച്ചേ മതിയാകൂ എന്നാണ് വിലയിരുത്തൽ.
Discussion about this post