എറണാകുളം: ഏത് നല്ലകാര്യത്തെയും കുറ്റം കണ്ടെത്തി ഇടിച്ച് താഴ്ത്താനാണ് എല്ലാവർക്കും താത്പര്യമെന്ന് നടി സാനിയ ഇയ്യപ്പൻ. ഒരു മലയാള മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പരാമർശം. നാട്ടുകാർ പറയുന്നത് നോക്കി ജീവിക്കാൻ കഴിയില്ലെന്നും സാനിയ പറഞ്ഞു.
സിനിമയിൽ അവസരം ലഭിക്കുന്നതിന് വേണ്ടിയാണ് ഡ്രസിന്റെ ഇറക്കം കുറയ്ക്കുന്നത് എന്നൊക്കെ പറയുന്നവർ ഉണ്ട്. ഇക്കൂട്ടരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. അങ്ങിനെ അവസരം ലഭിച്ചിരുന്നുവെങ്കിൽ തനിക്ക് ഹോളിവുഡിൽ എത്താമായിരുന്നു. എന്ത് നല്ലതിലും കുറ്റം കണ്ടെത്തി ഇടിച്ച് താഴ്ത്തുന്നവരാണ് കൂടുതലും. ഇവർ പറയുന്നത് എന്തെന്ന് നോക്കി ജീവിക്കാൻ കഴിയില്ലെന്നും താരം പ്രതികരിച്ചു. സമൂഹമാദ്ധ്യമം ദുരുപയോഗം ചെയ്യുന്നവരാണ് ഭൂരിഭാഗവും എന്നും താരം പറഞ്ഞു.
ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ഇയ്യപ്പൻ സിനിമാ രംഗത്തേക്ക് എത്തുന്നത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ക്വീൻ എന്ന സിനിമയിൽ നായികയായി എത്തി. ലൂസിഫർ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ സാനിയ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
Discussion about this post