ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് 8.5 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 117 അത്ലറ്റ് സംഘമാണ് 2024 പാരിസ് ഒളിമ്പിക്സിൽ മത്സരിക്കുന്നത്.
“2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നന്മുടെ കായികതാരങ്ങളെ ബിസിസിഐ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയുടെ ഈ അഭിമാന പ്രചാരണത്തിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനായി ബിസിസിഐ 8.5 കോടി രൂപ നൽകുന്നതാണ്. ഇന്ത്യക്കായി മത്സരിക്കുന്ന മുഴുവൻ സംഘത്തിനും ഞങ്ങൾ ആശംസകൾ നേരുന്നു. നമുക്കൊന്നിച്ച് പുതിയ കായിക ഇന്ത്യയെ രൂപീകരിക്കാം, അഭിമാനം,ജയ് ഹിന്ദ്!” എന്നാണ് എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ജയ് ഷാ അറിയിച്ചത്.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ നയിക്കുന്ന 117 അംഗ അത്ലറ്റ് സംഘം നിലവിൽ ഒളിമ്പിക്സിനായി പാരിസിൽ എത്തിയിട്ടുണ്ട്. അത്‌ലറ്റിക്‌സ്, ബാഡ്മിൻ്റൺ, ബോക്‌സിംഗ്, ഹോക്കി, അമ്പെയ്ത്ത്, ഷൂട്ടിംഗ്, ഗുസ്തി എന്നിവയിലെ ശക്തരായ മത്സരാർത്ഥികൾ ഇന്ത്യൻ കായികരംഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ 7 മെഡലുകൾ ആയിരുന്നു ഇന്ത്യ നേടിയിരുന്നത്. പാരീസ് ഒളിമ്പിക്സിൽ മെഡലുകളുടെ എണ്ണം രണ്ടക്കസംഖ്യ ആക്കണമെന്ന് ആഗ്രഹിക്കുന്നതായി പിടി ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post