ന്യൂഡൽഹി;2047ലെ ‘വികസിത് ഭാരത്’ എന്ന സ്വപ്‌നത്തിലേക്കുള്ള അടിത്തറയാണ് ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇത് അഭിമാനത്തിന്റെ നിമിഷമാണ്. 60വർഷങ്ങൾക്ക് ശേഷമാണ് മൂന്നാം തവണയും ഒരു സർക്കാർ അധികാരത്തിൽ വരുന്നത്. മൂന്നാം തവണയും ആദ്യ ബജറ്റ് അവതരിപ്പിക്കുകയാണ്. രാജ്യത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് നടപ്പിലാക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മോദി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള മാർഗരേഖയാണ് നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും മോദി പറഞ്ഞു. നാളെ ധനമന്ത്രി നിർമ്മല സീതാരാമൻ ആദ്യ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
രാജ്യത്തെ 140 കോടി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ വായ്മൂടികെട്ടാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ആദ്യ പാർലമെന്റ് സമ്മേളനത്തിൽ നിങ്ങൾ കണ്ടതാണ്. 2.5 മണിക്കൂറാണ് പ്രധാനമന്ത്രിയുടെ ശബ്ദം ഉയരാതിരിക്കാൻ ശ്രമിച്ചത്. ഞാൻ ശബ്ദിക്കാതിരിക്കാൻ അവർ ശ്രമിച്ചു. ജനങ്ങൾ രാജ്യത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണ് എന്നെ പാർലമെന്റിലേക്ക് അയച്ചത്, അല്ലാതെ പാർട്ടിക്ക് വേണ്ടിയല്ല. ഈ പാർലമെന്റ് രാജ്യത്തിന് വേണ്ടിയാണ്. മറിച്ച് രാഷ്ട്രീയപാർട്ടിക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post