കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14കാരൻ രോഗമുക്തി നേടി. കോഴിക്കോട് സ്വദേശിയാണ് രോഗമുക്തി നേടിയത്. ലോകത്ത് ഇതുവരെ 11 പേർ മാത്രമാണ് രോഗമുക്തി നേടിയത്. 97 ശതമാനവും മരണ നിരക്കുള്ള രോഗത്തിൽ നിന്നും കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി രോഗമുക്തി നേടിയത്. നേരത്തെ തന്നെ രോഗം കണ്ട് പിടിക്കാൻ കഴിഞ്ഞതും ചികിത്സ ഉറപ്പാക്കാൻ കഴിഞ്ഞതും കൊണ്ടാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്ത് ഇത് ആദ്യമായാണ് ഈ രോഗത്തിന് സാങ്കേതിക മാർഗരേഖ പുറത്തിറക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയെ കുറിച്ചുള്ള മാർഗരേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം നടന്നിരുന്നു. യോഗത്തിൽ ജനങ്ങൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിരുന്നു.
Discussion about this post