മുംബൈ: മുംബൈ നേവൽ ഡോക്ക് യാർഡിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്ന് റിപ്പോർട്ട്.
“ഇന്ത്യൻ നാവികസേനയുടെ ബ്രഹ്മപുത്ര എന്ന മൾട്ടി-റോൾ ഫ്രിഗേറ്റിൽ ജൂലൈ 21 ന് വൈകുന്നേരം നേവൽ ഡോക്ക് മുംബൈയിൽ പുനർ നിർമ്മാണത്തിനിടെ തീപിടിത്തമുണ്ടായി. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെ {ND (Mbi)} അഗ്നിശമന സേനാംഗങ്ങളുടെയും തുറമുഖത്തുള്ള മറ്റ് കപ്പലുകളുടെയും സഹായത്തോടെ കപ്പൽ ജീവനക്കാർ ജൂലൈ 22 ന് രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി. ഇനിയും തീ പിടിക്കാനുള്ള സാധ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കുവാൻ വേണ്ടിയുള്ള സാനിറ്റിസഷൻ പരിശോധനകളും നടത്തി
തുടർന്ന്, ഉച്ചകഴിഞ്ഞ്, കപ്പലിന് ഒരു വശത്തേക്ക് (തുറമുഖ വശം) കടുത്ത ചെരിവ് അനുഭവപ്പെട്ടു. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കപ്പൽ നേരായ സ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല. നിലവിൽ കപ്പൽ ബെർത്തിനരികിൽ കൂടുതൽ ചെരിയുന്നത് തുടർന്നു, ഇപ്പോൾ കപ്പൽ ഒരു വശം പൂർണ്ണമായും ചെരിഞ്ഞ നിലയിലാണ് സ്ഥിതി ചെയ്യുന്നത്.
ഒരു ജൂനിയർ നാവികൻ ഒഴികെയുള്ള എല്ലാ ഉദ്യോഗസ്ഥരെയും നിലവിൽ കണ്ടെത്തിയിട്ടുണ്ട് , അദ്ദേഹത്തിനായി തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതേക്കുറിച്ച് പരിശോധിക്കാൻ ഇന്ത്യൻ നേവി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ”
പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഐ എൻ എസ് ബ്രഹ്മപുത്രക്ക് തീപിടിച്ച വിവരം കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്ത് പറഞ്ഞത്.
തദ്ദേശീയമായി നിർമ്മിച്ച ‘ബ്രഹ്മപുത്ര’ ക്ലാസ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റിലെ ആദ്യത്തേതായ ഐഎൻഎസ് ബ്രഹ്മപുത്ര, 2000 ഏപ്രിൽ 14-നാണ് ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്തത്
Discussion about this post