അങ്കോല: ഷിരൂരിൽ കുന്നിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കാണാതായ തമിഴ്‌നാട് സ്വദേശിയും ടാങ്കർ ഡ്രൈവറുമായ ശരവണനായുള്ള കാത്തിരിപ്പിൽ കുടുംബം. ഷിരൂരിൽ അർജുനോടൊപ്പം തന്നെ കാണാതായതാണ് ശരവണനെ. അർജുന് വേണ്ടി നാടും വീടും സർക്കാർ സംവിധാനങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ തമിഴ്‌നാട് സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരാളു പോലും അപകട സ്ഥലത്തേയ്ക്ക് എത്തിയില്ലെന്ന് ശരവണന്റെ അമ്മാവൻ സെന്തിൽ കുമാർ പറയുന്നു.
അർജുനെ കാണാതായ ദിവസം തന്നെയാണ് ശരവണനെയും കാണാതായത്. കഴിഞ്ഞ പത്ത് ദിവസമായി ശരവണനെ കുറിച്ച് എന്തെങ്കിലുമൊരു വിവരം കിട്ടാനായി എന്ത് ചെയ്യണമെന്നോ ആരോട് പറയണമെന്നോ അറിയാതെ ദുരന്ത മുഖത്ത് പകച്ച് നിൽക്കുകയാണ് സെന്തിൽ കുമാർ. അർജുന്റെ തിരച്ചിലിന് വേണ്ടി ലഭിക്കുന്ന പിന്തുണ ശരവണന് കൂടി ലഭിക്കണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറയുന്നു.
നദിയിലെ വെള്ളത്തിേലാ മണ്ണിന്റെ അടിയിലോ ശരവണൻ ഉണ്ടോ എന്നോ അതോ ഒഴുകി പോയോ എന്നോ തനിക്ക് അറിയില്ല. തമിഴ്‌നാട് സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. അപ്പോൾ അവർ തിരച്ചിലിന് സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരാളു പോലും ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയില്ല. കർണാടക ജില്ലാ കളക്ടറുമായും എസ്പിയുമായും സംസാരിച്ചപ്പോൾ അർജുന് ലഭിക്കുന്ന അതേ പ്രധാന്യത്തോടെ തന്നെ ശരവണന് വേണ്ടിയും തിരച്ചിൽ നടത്താമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ആ വിശ്വാസത്തിലാണ് താനിവിടെ നിൽക്കുന്നത്. അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാക്കുന്നതെന്നും സെന്തിൽ കുമാർ പറഞ്ഞു.
ഇതിനിടെ തിരിച്ചറിയാനാവാത്ത ഒരു മൃതദേഹം കിട്ടിയിരുന്നു. അപ്പോൾ ശരവണന്റെ അമ്മയെ വിളിച്ചു വരുത്തി ഡിഎൻഎ സാംപിൾ ശേഖരിച്ചിരുന്നു. സ്വന്തം സംസ്ഥാനത്തിലെ സർക്കാർ സംവിധാനങ്ങളൊന്നും തുണച്ചില്ലെങ്കിലും അർജുന് വേണ്ടി നടത്തുന്ന തിരച്ചിലിൽ ശരവണനെയും കണ്ടെത്താനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post