എറണാകുളം: മാസപ്പടി കേസിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരായ ഹർജികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ആണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി പരിഗണിക്കുന്ന വേളയിൽ ആയിരുന്നു സർക്കാർ ഇക്കാര്യങ്ങൾ കോടതിയെ അറിയിച്ചത്.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന വാദം നിലനിൽക്കില്ല. സിഎആർഎല്ലിന് അനുകൂലമായ നിലപാട് ഒരു സാഹചര്യത്തിലും അദ്ദേഹം സ്വീകരിച്ചിട്ടില്ല. കേസിൽ മാദ്ധ്യമങ്ങൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും ആരോപണങ്ങൾ ഉണ്ട്. ഇവർ പണം കൈപ്പറ്റിയതായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിലും ഉണ്ട്. എന്നാൽ ഇവർക്കെതിരെ ആരും ഹർജി നൽകിയിട്ടില്ല. പകരം മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യമിടുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ താത്പര്യങ്ങൾ ആണെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ അടുത്തിടെ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സിഎംആർഎല്ലിന് വഴിവിട്ട സഹായങ്ങൾ നൽകി വൻ തുക മുഖ്യമന്ത്രി കൈപ്പറ്റി എന്നാണ് മാത്യു കുഴൽനാടന്റെ വാദം.
Discussion about this post