എറണാകുളം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. തോടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് തടയാൻ എന്ത് മാർഗം സ്വീകരിക്കണമെന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
തലസ്ഥാനം വൃത്തിയുള്ളതായിരിക്കണം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണം. വാഹനം ഉൾപ്പെടെയുള്ളവ പിടിച്ചെടുക്കണം. ആരുടെയും മേൽ പഴിചാരുകയല്ല, കാര്യങ്ങൾ നല്ല രീതിയിൽ നടന്നേ മതിയാകൂ. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനുള്ള നടപടികൾ സമയബന്ധതമായി പൂർത്തിയാകണം. കനാലിലേയ്ക്ക് എവിടെ നിന്നാണ് മാലിന്യം വരുന്നതെന്ന് കണ്ടെത്തണം. നടപടികൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനുള്ള പദ്ധതി ഇറിഗേഷൻ വകുപ്പ് തയ്യാറാക്കി വരികയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് റെയിൽവേയുമായി ചർച്ച ചെയ്തിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് മാത്രമേ റെയിൽ വേയുടെ ഭാഗത്തുള്ള മാലിന്യം വൃത്തിയാക്കാൻ കഴിയൂ. ഇതിനായുള്ള നടപടികൾ നടത്തിവരികയാണ്. ഓഗസ്റ്റ് മാസം അവസാനത്തോടെ ആമയിഴഞ്ചാൻ തോട് മുഴുവനായി വൃത്തിയാക്കും. നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പഴയുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Discussion about this post