പത്തനംതിട്ട: തിരുവല്ല വേങ്ങലയിൽ കാറിൽ തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ് (68), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കാറിൽ നിന്നും തീപടർന്നാണ് ഇവരുടെ മരണം എന്ന് വ്യക്തമായിട്ടുണ്ട്. അതിനാൽ ആത്മഹത്യതന്നെ ആണോ എന്ന കാര്യം സ്ഥിരീകരിക്കാനായി വിശദമായ അന്വേഷണം നടത്തുകയാണ്.
മകൻ ലഹരിയ്ക്കടിമയായ കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ഉള്ളത്. സ്വകാര്യ ലഹരിവിമുക്ത കേന്ദ്രത്തിലെ അന്തേവാസിയായ മകന് പോലീസ് തുടർ ചികിത്സ നൽകണം എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ലഹരിയ്ക്കടിമയായ മകനുമായി ദമ്പതികൾ എന്നും തർക്കത്തിലായിരുന്നുവെന്ന് ബന്ധുക്കളും സ്ഥിരീകരിക്കുന്നു. മകന്റെ ലഹരി ഉപയോഗവും ഇതേ തുടർന്നുള്ള ചികിത്സയെയും തുടർന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കുടുംബം നേരിട്ടിരുന്നത്. വീട് ജപ്തി നടപടികൾ നേരിടുകയാണ്. ഇതെല്ലാമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്.
ഉച്ചയോടെയാണ് വേങ്ങലിൽ പാടശേഖരത്തിന് സമീപമായി കത്തുന്ന നിലയിൽ കാർ കണ്ടെത്തിയത്. ഉടനെ വിവരം അറിഞ്ഞ ഫയർഫോഴ്‌സ് എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഇതിന് പിന്നാലെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
Discussion about this post