ന്യൂഡൽഹി: ദിവ്യാംഗരായ ഭർതൃമാതാവിനും ഭർതൃപിതാവിനും എതിരെ വ്യാജ കേസ് നൽകിയ യുവതിക്കെതിരെ കോടതി നടപടി. യുവതിയ്ക്ക് ഒരു ലക്ഷം രൂപ കോടതി പിഴ വിധിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടേതാണ് നിർദ്ദേശം. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭർത്താവിന്റെ അച്ഛനും അമ്മയും തന്നെ ഉപദ്രവിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
ഭർതൃപിതാവ് തന്റെ പിന്നാലെ ഓടിയെത്തി തന്നെ തല്ലാനും വടികൊണ്ട് അടിക്കാനും ശ്രമിച്ചു എന്നും പിന്നാലെ ഭർതൃമാതാവ് തന്റെ മുടിയിൽ പിടിച്ച് മുറ്റത്തേക്ക് വലിച്ചിഴച്ചുവെന്നും അടിച്ചുവെന്നുമാണ് എഫ്‌ഐആറിൽ യുവതി ആരോപിച്ചിരുന്നത്. 2016 ൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഇവർ തന്നെ ശല്യപ്പെടുത്തുകയും പരിഹസിക്കുകയും കൂടുതൽ സ്വർണ്ണാഭരണങ്ങൾ കൊണ്ടുവരാൻ തന്നോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും യുവതി ആരോപിച്ചിരുന്നു.
2017 ൽ മരുമകൾ തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാർ 100% ശാരീരിക പരിമിതികൾ നേരിടുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നതിനാൽ തന്നെ ഈ ആരോപണങ്ങൾ തെറ്റാണെന്നും തെളിയിക്കാനായി. ഭർതൃപിതാവിന് ക്രച്ചസില്ലാതെ നടക്കാനാവില്ല. ഓടിയെത്തിയെന്നത് സത്യമാവില്ല എന്ന് തെളിയിക്കപ്പെട്ടു. അമ്മയും അതുപോലെ ഭിന്നശേഷിക്കാരിയാണ് എന്നും കോടതി കണ്ടെത്തി
പരാതിക്കാരിയുടെ ഹൃദയശൂന്യമായ പെരുമാറ്റത്തിൽ ഞെട്ടിപ്പോയി എന്നാണ് ജസ്റ്റിസ് നിധി ഗുപ്തയുടെ ബെഞ്ച് പരാമർശിച്ചത്. പിഴസംഖ്യയായ ഒരുലക്ഷം രൂപ അമ്മായിഅച്ഛനും അമ്മായിഅമ്മയ്ക്കും പാതിപ്പാതിയായി വീതിച്ചു നൽകണമെന്നും വിധിച്ചു. നാല് മാസത്തിനുള്ളിലാണ് തുക കൊടുത്തു തീർക്കേണ്ടത്. യുവതി നിയമം ദുരുപയോ?ഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല.
Discussion about this post