ലഖ്‌നൗ : സർക്കാർ ജോലികളിലും പോലീസ് സേനയിലും അഗ്നിവീരന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് സർക്കാർ സേവനങ്ങളിൽ അഗ്നിവീരന്മാർക്ക് സംവരണം നൽകുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തരാഖണ്ഡും സർക്കാർ ജോലികളിൽ അഗ്നിവീരന്മാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സൈനിക സർവീസിനു ശേഷം മടങ്ങിയെത്തുന്ന അഗ്നിവീരൻമാർക്ക് ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിലുള്ള സംസ്ഥാന സർക്കാർ സർവീസുകളിലും യുപി പോലീസിലും മുൻഗണനാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി സംവരണം ഏർപ്പെടുത്തുമെന്നാണ് യോഗി ആദിത്യനാഥ് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയത്. പുരോഗതിയുടെയും സമൃദ്ധിയുടെയും ഒരു പുതിയ മാതൃക സ്ഥാപിക്കാനായി കാലാകാലങ്ങളിൽ വരുത്തുന്ന പരിഷ്കാരങ്ങൾ ഏതൊരു രാജ്യത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതമാണ് എന്നും യോഗി വ്യക്തമാക്കി.
രാജ്യത്ത് ഒരു പുതിയ മാതൃക സ്ഥാപിക്കുന്നതിനായി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നിരവധി നടപടികൾ കൈകൊണ്ടിട്ടുണ്ട്. എല്ലാ മേഖലകളിലും പരിഷ്കാരങ്ങൾ വരുത്താനായി കേന്ദ്രസർക്കാർ കഴിഞ്ഞ 10 വർഷമായി ശ്രമിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് മാന്യമായ സ്ഥാനം നൽകുന്നതിനോടൊപ്പം തന്നെ ദേശീയ സുരക്ഷയ്ക്കും തുല്യമായ പ്രാധാന്യം നൽകുകയും ചെയ്യുന്നു. അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള സേവനങ്ങളെ കുറച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ സായുധ സേനയിലെ പരിഷ്കരണങ്ങളുമായി മുന്നോട്ടു പോകണം എന്നാണ് ഞാൻ വിശ്വസിക്കുന്നത് എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post