ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഇന്നും ഗംഗാവലി പുഴയിൽ തിരച്ചിൽ തുടരും. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആണ് ഇന്ന് പുഴയിൽ തിരച്ചിൽ നടത്തുക. അതേസമയം ഒരാഴ്ചയിലധികമായി തിരഞ്ഞിട്ടും ഫലം കാണാത്തതിനെ തുടർന്ന് ദൗത്യം അവസാനിപ്പിക്കാനാണ് ആലോചിക്കുന്നത്.
നിലവിൽ ശക്തമായ മഴ സ്ഥലത്ത് തുടരുകയാണ്. അതിനാൽ ശക്തമായ അടിയൊഴുക്കുമുണ്ട്. ഈ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങി സിഗ്നൽ ലഭിച്ച ഭാഗങ്ങളിൽ പരിശോധന നടത്തുക വെല്ലുവിളി നിറഞ്ഞതാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ഒന്നും തന്നെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത് കണക്കിലെടുത്താൻ ദൗത്യം അവസാനിപ്പിക്കാൻ ആലോചിക്കുന്നത്. ദൗത്യത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് സമർപ്പിക്കും.
ഇന്നലെ ഈശ്വർ മാൽപെയാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്. ആദ്യം രണ്ട് വട്ടം അദ്ദേഹം ട്രക്കിനടുത്തേയ്ക്ക് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാം തവണ ഇറങ്ങിയപ്പോൾ വടം പൊട്ടുകയും അദ്ദേഹം ഒഴുകി പോകുകയും ചെയ്തു. പിന്നീടും നിരവധി തവണ ഇറങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്നലത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. നിരാശൻ ആണെന്നായിരുന്നു ഇതിന് പിന്നാലെ കാർവാർ എംഎൽഎ സതീഷ് സെയിൻ പറഞ്ഞത്. തുടർച്ചയായ 13ാം ദിവസമാണ് അർജുനായി പുഴയിൽ തിരച്ചിൽ നടത്തുന്നത്.
Discussion about this post