ന്യൂഡൽഹി: ഡൽഹിയിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ വെള്ളം കയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. എറണാകുളം സ്വദേശി നെവിൻ ഡാൽവിൻ ആണ് മരിച്ചത്. നെവിന്റെ മൃതദേഹം ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥിയാണ് നെവിൻ. രാത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. അടുത്ത ദിവസം നെവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നെവിനൊപ്പം രണ്ട് വിദ്യാർത്ഥിനികൾക്ക് കൂടി ജീവൻ നഷ്ടമായിട്ടുണ്ട്.
ലൈബ്രറിയാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്‌മെന്റിൽ പ്രവർത്തിക്കുന്നത്. ഇവിടെ നെവിനുൾപ്പെടെ 30 ഓളം പേർ ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് സമീപത്തെ ഓടപൊട്ടി വെള്ളം ഇരച്ച് കയറുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടു. എന്നാൽ നെവിൻ ഉൾപ്പെടെ മൂന്ന് പേർ കുടുങ്ങി പോകുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്. സംഭവത്തിന് പിന്നാലെ നടന്ന പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിന് മതിയായ അംഗീകാരം ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെയും സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെയുമാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തുന്നത്. മഴക്കലപൂർവ്വ ശുചീകരണങ്ങൾ നടത്താത്തതാണ് ദുരന്തത്തിന് കാരണം ആയത് എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. റൗസ് എന്ന് പേരുള്ള ഐഎഎസ് പരിശീലന കേന്ദ്രത്തിലാണ് വെള്ളം കയറിയത്.
Discussion about this post