ഡല്‍ഹി: ഐക്യരാഷ്ട്രസഭ സമാധാനസേനയുടെ തലവനായി മലയാളിയായ മേജര്‍ ജനറല്‍ ജയ്ശങ്കര് മേനോന് നിയമിതനായി. ഐക്യരാഷ്ട്രസഭയുടെ ഡിസ് എന്‍ഗേജ്മെന്റ് ഒബ്സര്‍വര്‍ ഫോഴ്സിന്റെ ഹെഡ് ഓഫ് മിഷനും ഫോഴ്സ് കമാന്ഡറുമായാണ് നിയമനം. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് ജനീവയില്‍ വെച്ച് നിയമനം പ്രഖ്യാപിച്ചത്.
നിലവിലെ മേധാവി നേപ്പാള്‍ സ്വദേശി പൂര്‍ണചന്ദ്ര ഥാപ്പ ഞായറാഴ്ച വിരമിക്കുമ്പോള്‍ ജയ്ശങ്കര് മേനോന് ചുമതലയേല്‍ക്കും. ഇന്ത്യന്‍ സേനയുടെ എക്യുപ്മെന്റ് മാനേജ്മെന്റ് വിഭാഗം അഡീഷണല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ നിയമനം. സേനയുടെ ഇന്‍ഫന്‍ട്രി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍, റെജിമെന്റല്‍ ട്രെയിനിങ് സെന്ററിന്റെ കമാന്‍ഡന്റ്, ബ്രിഗേഡ് കമാന്‍ഡര്‍, ബറ്റാലിയന് കമാന്‍ഡര്‍ തുടങ്ങിയ പദവികളും നേരത്തേ വഹിച്ചിട്ടുണ്ട്
ഇന്ത്യന്‍ കരസേനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആഭ്യന്തര-രാജ്യാന്തര തലങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ജയ്ശങ്കര് മേനോന് 1993 ല്‍ മൊസാംബിക്കില്‍ നടന്ന ഐക്യരാഷ്ട്ര സേനയുടെ ഓപ്പറേഷനില്‍ സൈനിക നിരീക്ഷകനായിരുന്നു.
2007 മുതല്‍ 2009 വരെ ലെബനനില്‍ യു.എന്നിന്റെ ഇന്ററിം ഫോഴ്സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് ബിരുദം നേടിയ ജയ്ശങ്കര് മേനോന് ഹൈദരാബാദ് ഒസ്മാനിയ സര്‍വകലാശാലയില്‍നിന്ന് മാനേജ്മെന്റ് സ്റ്റഡീസിലും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഡിഫന്‍സ് സ്റ്റഡീസിലും ബിരുദാനന്തരബിരുദങ്ങള്‍ നേടി.
Discussion about this post