ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ. കെജ്രിവാളിനും കൂട്ടാളികൾക്കുമെതിരെ ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ കെജ്രിവാൾ ജയിലിൽ തുടരുന്നതിനെതിരെയുള്ള സംസ്ഥാനത്തിന്റെ എതിർപ്പിൽ കഴമ്പില്ലെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലോ മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ നിലനിൽക്കുന്ന കേസുകളിലോ അപേക്ഷ സമർപ്പിക്കുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിട്ടില്ലെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ പരാതികളിൽ പല സംസ്ഥാനങ്ങളിലായി കെജ്രിവാളിന്റെ പേരിൽ മുപ്പതോ നാൽപ്പതോ കേസുകളുണ്ടെന്ന് കോടതി വ്യക്തമാക്കി.
സിബിഐ കേസിൽ അദ്ദേഹം നിലവിൽ കസ്റ്റഡിയിൽ തുടരുകയാണ്. ഈ കേസിൽ അദ്ദേഹം ജാമ്യം തേടുകയും ചെയ്തിരുന്നു. ജൂൺ 26നാണ് ഇഡി രജിസ്റ്റർ ചെയ്ത കേസിൽ തിഹാർ ജയിലിൽ കഴിയുകയായിരുന്ന കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. മാർച്ച് 21നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. തുടർന്ന് വിചാരണ കോടതി ജൂൺ 20ന് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, വിചാരണ കോടതി നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
Discussion about this post