നടി നയൻതാര പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്. ചെമ്പരത്തി ചായയുടെ ഗുണങ്ങളെ കുറിച്ച് ആയിരുന്നു നയൻതാര തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നത്. ചർമ്മ സംരക്ഷണത്തിനും മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾ മാറുന്നതിനും പ്രമേഹം കുറയുന്നതിനും എല്ലാം ഏറെ ഗുണകരമാണ് ചെമ്പരത്തി ചായ എന്നായിരുന്നു നയൻതാരയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. എന്നാൽ ഈ വിഷയത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുകയാണ് ആരോഗ്യ വിദഗ്ധർ.
ബെംഗളൂരുവിലെ സാക്ര വേൾഡ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി എച്ച്ഒഡി ഡോ. സുബ്രത ദാസ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ചെമ്പരത്തി ചായയെ കുറിച്ച് കൂടുതൽ വിശദമാക്കിയത്. നയൻതാര പറഞ്ഞതുപോലെ തന്നെ ചെമ്പരത്തിച്ചായയിൽ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും ചില അപകടസാധ്യതകളും ഉണ്ടെന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്ന തന്മാത്രകളായ ആൻ്റിഓക്സിഡൻ്റുകളാൽ നിറഞ്ഞ ചെമ്പരത്തി ശരീരത്തിന് പല സവിശേഷ ഗുണങ്ങളും നൽകുന്നുണ്ട്. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെയുള്ള പല പ്രധാന ധാതുക്കളും ചെമ്പരത്തിച്ചായയിലൂടെ ലഭ്യമാകും എന്നും അദ്ദേഹം വ്യക്തമാക്കി.
ആൻ്റിഓക്സിഡൻ്റ് ഫലങ്ങളുള്ള രാസവസ്തുക്കളായ പോളിഫെനോൾസ് ധാരാളമായി അടങ്ങിയിട്ടുള്ളതാണ് ചെമ്പരത്തി ചായ. ഇത് പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കുന്നതിനും മെറ്റബോളിക് സിൻഡ്രോം ഉള്ളവരിലും ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും ഗുണകരമാണ്. എന്നാൽ രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവർ ചെമ്പരത്തി ചായയുടെ ഉപയോഗം വളരെ ശ്രദ്ധിച്ചു വേണമെന്ന് ഡോക്ടർ വ്യക്തമാക്കി. ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും ഗർഭിണികൾ, ചില മരുന്നുകൾ കഴിക്കുന്ന വ്യക്തികൾ, അല്ലെങ്കിൽ പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവർക്ക് ചെമ്പരത്തി ചായ ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത് വയറ്റിലെ അസ്വസ്ഥത, ഗ്യാസ്ട്രബിൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ട്. ചിലർക്ക് അലർജി പ്രതിപ്രവർത്തനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർ അറിയിച്ചു.
Discussion about this post