വയനാട്: ഹൃദയഭേതകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, അട്ടമല പ്രദേശങ്ങളിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമഴയാണ് പ്രദേശത്ത് ഉണ്ടായത്. ഒരു പ്രദേശം മുഴുവൻ ഇല്ലാതാകുന്ന കാഴ്ച്ചയാണ് കാണേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. മേപ്പാടിയിലെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുവരെ 93 മൃതദേഹങ്ങളാണ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. ഇത് അവസാന കണക്കില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ 128 പേർ ചികിത്സയിലുണ്ട്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നവരാണ് എല്ലാവരും. ഈ ഘട്ടത്തിൽ കുഞ്ഞുങ്ങളുൾപ്പെടെയാണ് നേരം പുലർന്നപ്പോൾ ജീവൻ നഷ്ടപ്പെട്ട് മണ്ണിനടിയിൽ പുതഞ്ഞ് പോയത്. നരവധി പേർ ഒഴുകി പോയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്ത് പോത്തുകല്ലിൽ ചാലിയാറിൽ നിന്നും 16 ഓളം പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട് 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയോടെ ലഫ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീമിന് പുഴ മുറിച്ച് കടന്ന് മുണ്ടക്കെയിലെത്താൻ സാധിച്ചിട്ടുണ്ട്. ഇവിടെ കുടുങ്ങി കിടക്കുന്ന പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. നമ്മുടെ നാട് ഇതുവരെ കണ്ടതിൽ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്. മേഖലകളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












