തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ചയും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നിലവിൽ 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂർ, കാസർകോട്, മലപ്പുറം, കണ്ണൂർ പത്തനംതിട്ട ജില്ലകളിലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുള്ളത്.
പ്രൊഫഷണൽ കോളേജുകളും ട്യൂഷൻ സെന്ററുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും എന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. വിദ്യാർത്ഥികൾ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകം ആയിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
സംസ്ഥാനത്തെ ഭൂരിഭാഗം വടക്കൻ ജില്ലകളിലും അതിശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂർ ആയി തുടരുന്നത്. പല പ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ കണക്കിലെടുത്ത് കുട്ടികൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ സുരക്ഷിതരായിരിക്കണം എന്നും ജില്ലാ കളക്ടർമാർ അറിയിച്ചു.
Discussion about this post