കോഴിക്കോട് : വയനാട്ടിലെ മേപ്പാടിക്ക് പിന്നാലെ കോഴിക്കോട് വിലങ്ങാടും പാലക്കാട് ആലത്തൂരും ഉരുൾപൊട്ടൽ. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ പത്തിലധികം വീടുകളും നിരവധി കടകളും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രദേശത്ത് ഒരാളെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്.
വിലങ്ങാട് പ്രദേശത്ത് ഉരുൾപൊട്ടലിനെ തുടർന്ന് നാല്പതിലധികം വീടുകൾ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ വിലങ്ങാട് മലയങ്ങാട് പാലം ഒലിച്ചുപോയി. ഈ പ്രദേശത്തെ ആളുകളെ ഇന്നലെ തന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ഉരുള്‍പൊട്ടലില്‍ പ്രദേശത്തെ റോഡുകളെല്ലാം തകർന്ന അവസ്ഥയിലാണ്. എൻഡിആർഎഫ് സംഘം വിലങ്ങാട് എത്തിയിട്ടുണ്ട്.
പാലക്കാട് ആലത്തൂരിലെ കാട്ടുശ്ശേരി വീഴുമലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടായെങ്കിലും സംഭവത്തിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല. കനത്ത മഴയെ തുടർന്ന് ആലത്തൂരിലെ നിരവധി മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. നിരവധി വീടുകളിലും വെള്ളം കയറി.
Discussion about this post