തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്നും, ജലാശയങ്ങളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും മറ്റ് ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട് . മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്
Discussion about this post