ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരുതമനുഭവിക്കുന്നവർക്ക് ആശ്വാസത്തിന്റെ കരങ്ങളുമായി തമിഴ്‌നടൻ ചിയാൻ വിക്രം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ സംഭാവനയായി നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നടൻ സഹായം നൽകിയത്.
വിക്രത്തിന്റെ മാനേജർ യുവരാജ് ആണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ വിക്രം ദു:ഖം രേഖപ്പെടുത്തിയതായി യുവരാജ് പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അദ്ദേഹം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം ആയിരുന്നു മുണ്ടക്കൈയിലേത്. ഇതുവരെ 200 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അത്രതന്നെ ആളുകളെ ഇനി കണ്ടെത്താനും ബാക്കിയുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. നിരവധി പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് ലഭിക്കുന്ന ശക്തമായ മഴ രക്ഷാ പ്രവർത്തനങ്ങൾ ദുഷ്‌കരമാക്കുന്നുണ്ട്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്.
Discussion about this post