തിരുവനന്തപുരം: കനത്ത മഴയിൽ മണ്ണിടിച്ചിലിൽ നിരവധി പേർ മരിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാരിന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ആഴ്ചകൾക്ക് മുന്നേ കേന്ദ്രത്തിന്റെ റിപ്പോർട്ട് ലഭിച്ചു എന്നത് സത്യമാണെങ്കിലും, സംഭവം നടന്ന ദിവസം റെഡ് അലേർട്ട് തന്നില്ല എന്ന വിചിത്ര വാദമാണ് പിണറായി വിജയൻ അവതരിപ്പിച്ചത്.
6 സെൻ്റിമീറ്ററിനും 20 സെൻ്റിമീറ്ററിനും ഇടയിലുള്ള മഴയെ സൂചിപ്പിക്കുന്ന ഓറഞ്ച് അലർട്ട് മാത്രമാണ് ഐഎംഡി നൽകിയതെന്നും , അതേസമയം 24 മണിക്കൂറിനുള്ളിൽ 20 സെൻ്റിമീറ്ററിൽ കൂടുതൽ കനത്ത മഴ ലഭിക്കുന്ന റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്.
“എന്നാൽ ഒറ്റയടിക്ക് പെയ്ത മഴ അല്ല പ്രധാന ഘടകമെന്നും, പ്രദേശത്ത് കാലങ്ങളായി നിലനിന്നിരുന്ന മണ്ണിടിച്ചൽ ഭീഷണി കാരണം ഏത് നിമിഷവും ദുരന്തം സംഭവിക്കാം എന്ന സാഹചര്യമാണുള്ളതെന്നായിരുന്നു” കേന്ദ്ര മുന്നറിയിപ്പ്. അതിനാൽ തന്നെ ഒരു ദിവസം പെയ്ത മഴയുടെ അളവ് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
ഉരുൾപൊട്ടലിന് ഒരാഴ്ച മുമ്പെങ്കിലും കേരളത്തിൽ കനത്ത മഴയെ കുറിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിരുന്നതായി ലോക്‌സഭയിലെ ശ്രദ്ധ ക്ഷണിക്കൽ ചർച്ചയ്ക്ക് മറുപടിയായി അമിത് ഷാ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) എട്ട് ടീമുകളെയും ജൂലൈ 23 ന് കേന്ദ്രം വിന്യസിച്ചിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
“ജൂലൈ 18 ന്, കേരളത്തിൻ്റെ പടിഞ്ഞാറൻ തീരത്ത് സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ജൂലൈ 25 ന്, കനത്ത മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ജൂലൈ 23 ന് തന്നെ, എൻഡിആർഎഫിൻ്റെ എട്ട് ടീമുകളെ മേഖലയിലേക്ക് അയച്ചു.” ഷാ പറഞ്ഞു.
അതായത്, ഏതാണ്ട് ആഴ്ചകൾക്ക് മുമ്പ് തന്നെ വേണ്ട നിർദ്ദേശം കേന്ദ്രം കൊടുത്തതിനു ശേഷമാണ്, അന്നത്തെ ദിവസം “റെഡ് അലേർട്ട്” ഇല്ലായിരുന്നു എന്ന പരിഹാസ്യമായ വാദം കേരളം മുന്നോട്ട് വയ്ക്കുന്നത്
Discussion about this post