ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കുള്ള 10 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി-എൻസിആർ മേഖലയിൽ ശക്തമായ മഴ തുടരുന്നത്.
മണിക്കൂറുകളായി നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് രാജ്യതലസ്ഥാനത്തെ പല മേഖലകളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായി. നിലവിൽ ഡൽഹിയിൽ റെഡ് അലർട്ട് ആണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദേശം നൽകിയതായി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അറിയിച്ചു.
ദേശീയ മിന്നൽ പ്രളയ ഗൈഡൻസ് ബുള്ളറ്റിൻ ഡൽഹിയെ ആശങ്കാജനകമായ മേഖലകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സെൻട്രൽ ഡൽഹിയിലെ പ്രഗതി മൈതാൻ ഒബ്സർവേറ്ററിയിൽ ഒരു മണിക്കൂറിനുള്ളിൽ 112.5 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മേഘസ്ഫോടനം ആയിരിക്കാം കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത് എന്നാണ് സൂചന.
Discussion about this post