വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായതിന്റെ ഞട്ടലിലാണ് കേരളം. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങൾ നേരിൽ കണ്ട കാഴ്ച്ചകളുടെ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും ഇന്നലെ വരെ ഒരു കുടുംബം പേലെ കഴിഞ്ഞിരുന്നവരുമെല്ലാം നഷ്ടപ്പെട്ടു. ഇത്തരത്തിൽ ആർത്തലച്ചു വരുന്ന മലവെള്ളപ്പാച്ചിലിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് സുജാത..
ഈ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടുവെന്നത് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. അടുപ്പിന്റെ ഇടയിലൂടെയുള്ള ഒരു സ്ലാബിലൂടെയാണ് പുറത്തേയ്ക്ക് കടക്കാനായത്. അപ്പോഴാണ് കൊച്ചു മകളുടെ കരച്ചിൽ കേട്ടത്. കുഞ്ഞിന്റെ ഒരു വിരൽ മാത്രമാണ് കയ്യിൽ കിട്ടിയത്. ആ വിരലിൽ പിടിച്ച് വലിച്ചാണ് പുറത്തേയ്ക്ക് എടുത്തത്. മൂന്നുനില കെട്ടിടം ഒഴുകി വരുന്നതാണ് നേരിൽ കാണുന്നത്. ആ വീട് വീണ് തങ്ങളുടെ വീടും ഇല്ലാതായെന്നും സുജാത പറഞ്ഞു.
‘നീന്തൽ അറിയുന്നോണ്ട് എല്ലാരേം കൊണ്ട് നീന്തി. കണറും കുഴീം ഒക്കെ ഇടേല ഉണ്ടായിരുന്നു. ഏത് ദൈവാ ഇവിടം വരെ എത്തിച്ചേന്ന് അറിയില്ല. വീടിന്റെ വാർപ്പ് വീണ് മോൾടെ നട്ടെല്ല് പൊട്ടിയിരുന്നു. എങ്ങനെയൊക്കെയോ മോളേം കൊച്ചുമോളേം ഒക്കെകൊണ്ട് ഒരു കുന്നിൽ വലിഞ്ഞ് കേറിയത് ഒരു കൊമ്പന്റെ മുമ്പിലേയ്ക്കാ.. മൂന്ന് കാട്ടാനകള് കുന്നില് ഉണ്ടായിരുന്നു. അതില് കൊമ്പന്റെ അടുത്തേയ്ക്കാ ഞങ്ങളെത്ത്യേ.. ഞങ്ങള് വല്യ ദുരിതത്തീന്നാ വരുന്നേ ഞങ്ങളെ ഒന്നും ചെയ്യല്ലേന്ന് ആനേനോട് പറഞ്ഞു. ഞങ്ങക്ക് പേടിയാ ഇരുട്ടാ.. ഞങ്ങൾക്ക് ആരൂല്യാന്ന് പറഞ്ഞപ്പോ ആനേടെ കണ്ണീന്ന് കണ്ണീര് ഒഴുകണതാ ഞങ്ങള് കണ്ടത്. നേരം വെളുക്കുന്ന വരെ ആ ആനേടെ കാലിന്റെ ചുവട്ടിലാ ഞങ്ങള് കിടന്നത്. രാവിലെ വരെ മഴയായിരുന്നു. നേരം വെളുക്കുന്ന വരെ ആ ആന ഞങ്ങടെ കൂടെ നിന്നു. ഞാനും മോളും കൊച്ചുമോളും മാത്രേ ഉണ്ടായിള്ളൂ. മരുമകൻ ആളുകളെ രക്ഷിക്കാൻ പോയി. കൊച്ചുമോളെ ആനേടെ താഴെ കിടത്തി.
ഞങ്ങളെ രക്ഷിക്കാൻ ഞങ്ങടെ നാട്ടില് ആരും ഉണ്ടായില്ല. എല്ലാരും ഇല്ലാണ്ടായി. വെളുപ്പിന് ദൂരേന്ന് ആരോ വന്നാ രാവിലെ ഞങ്ങളെ രക്ഷിച്ച് ക്യാമ്പിലെത്തിച്ചേ. രക്ഷിക്കണേന്നുള്ള ആളുകളുടെ കൂക്കിവിളികളാ ഇപ്പോഴും ചെവിയില് കേൾക്കുന്നേ.. എങ്ങനെയാ രക്ഷപ്പെട്ടേ എന്ന് ഈശ്വരന് മാത്രേ അറിയൂ.. അയൽവാസികളില് കുഞ്ഞുങ്ങളടക്കം ആറേഴ് പേരുണ്ടായി ആരും ഇന്നില്ല‘- സുജാത കരഞ്ഞുകൊണ്ട് പറഞ്ഞു.
Discussion about this post