ലക്‌നൗ: വീഡിയോ ചിത്രീകരിക്കാൻ റെയിൽവേ ട്രാക്കിൽ കല്ലുകൾവച്ച യൂട്യൂബർ അറസ്റ്റിൽ. കാന്ദ്രൂലി സ്വദേശിയായ ഗുൽസാർ ഷെയ്ഖിനെ ആണ് അറസ്റ്റ് ചെയ്തത്. ലീഗൽ ഹിന്ദു ഡിഫൻസ് നൽകിയ പരാതിയിലാണ് പോലീസ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യൂട്യൂബ് വീഡിയോയ്ക്ക് കണ്ടന്റ് ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ വിവിധ വസ്തുക്കൾ റെയിൽ പാളത്തിൽ കൊണ്ടിട്ടത്. വന്ദേഭാരത് എക്‌സ്പ്രസ് വരുന്ന സമയങ്ങളിൽ ആയിരുന്നു ഇത്. സൈക്കിൾ, സോപ്പ്, കല്ലുകൾ, ഹോളോബ്രിക്‌സ്, ജീവനുള്ള കോഴി എന്നിവയാണ് പാളത്തിൽ കൊണ്ടിട്ടത്. ഇതിന്റെ വീഡിയോ ഇയാൾ സമൂമമാദ്ധ്യമങ്ങളിൽ പങ്കിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
റെയിൽവേ പാളത്തിൽ വസ്തുക്കൾ കൊണ്ടിട്ട് ഗുരുതര കുറ്റകൃത്യമാണ് ഇയാൾ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. തീവണ്ടി അപകടത്തിൽപെട്ടിരുന്നു എങ്കിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായേനെ. ഇയാൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തിൽ ആർപിഎഫ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിരിക്കുന്നത്. റെയിൽവേ സുരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആണ് നടപടി.
Discussion about this post