തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും പ്രശസ്ത അദ്ധ്യാപകനുമായ പ്രൊഫ. സി.ജി രാജഗോപാൽ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
തുളസീദാസന്റെ ശ്രീരാമചരിതമാനസം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തതിലൂടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. തന്റെ 79-ാം വയസിലാണ് തുളസീദാസ രാമായണ തർജമയെന്ന ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ അടക്കം അദ്ധ്യക്ഷപദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ഭാരത് ബൃഹത് ചരിത്രം മൂന്ന് നിഘണ്ടുക്കളുടെ നിർമാണത്തിലും നേതൃത്വം നൽകി. ദൃശ്യവേദിയെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ് അദ്ദേഹം. അമൃത ഭാരതി വിദ്യാപീഠം മുന കുലപതിയാണ്. ഭാരതീയ സംസ്‌കാരത്തിൽ ജൈനമതങ്ങളുടെ സംഭാവനയെ പറ്റി പഠന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയിൽ സി.എസ് ഗോപാലകൈമളിന്റെയും കെ പാറുക്കുട്ടിയമ്മയുടെയും മകനായി 1932ലാണ് ജനനം. തിരുവനന്തപുരം കോളജിൽ നിന്നും ഹിന്ദിയിൽ ബിരുദവും ലക്‌നൗ സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും ഓന്നാം റാങ്കോടെ നേടി. പിന്നീട് പാലാസെന്റ് തോമസ് കോളേജിൽ ലക്ച്ചററായി സേവനമനുഷ്ഠിച്ചു. സംസ്ഥാനത്തെവിവിധ കോളേജുകളിൽ സേവനമുനുഷ്ഠിച്ചിട്ടുണ്ട്. തൃശൂർ ഗവ. ആർട്‌സ് കോളേജ് പ്രിൻസിപ്പളായാണ് അദ്ധ്യാപന ജീവിതത്തിൽ നിന്നും വിരമിച്ചത്.
തൈക്കാട് പിആർഎസ് റോഡിലെ ‘ശാലീനം’ എന്ന വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് ശാന്തീകവാടത്തിൽ നടന്നു.












Discussion about this post