വാഷിംഗ്ടൺ; 2001 സെപ്തംബർ 11 ന് വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും നടന്ന ഭീകരാക്രമണത്തിലെ പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി യുഎസ്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പടെ മൂന്ന് പ്രതികളുടെ ശിക്ഷ കുറയ്ക്കാനുള്ള തീരുമാനം ആണ് അമേരിക്ക പിൻവലിച്ചത്. ഒത്തുതീർപ്പ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അമേരിക്കയുടെ ഈ മനംമാറ്റം. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ആണ് തീരുമാനം വ്യക്തമാക്കിയത്.
ഖാലിദ് ഷെയ്ഖ് മുഹമ്മദിനെക്കൂടാതെ വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവി എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുമെന്നും പകരം 3 പേരും കുറ്റസമ്മതം നടത്തണമെന്നും യുഎസ് ഒത്തുതീർപ്പിലെത്തിയിരുന്നു.സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്‌കാലിയർ ആണ് പ്രതികളുമായി പൂർവ വിചാരണ ധാരണയിലെത്തിയത്. എന്നാൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാഗംങ്ങൾ ഇതിൽ കടുത്ത എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം എന്നത് ശ്രദ്ധേയമാണ്.
9/11 ഭീകരാക്രമണത്തിൽ 3000ത്തിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. വിമാനം ഇടിച്ചുകയറ്റിയുള്ള ആക്രമണത്തിനു പിന്നിൽ ഖാലിദ് ആണെന്നാണ് പ്രോസിക്യൂഷൻ വാദം. കുവൈത്തിൽ എൻജിനീയറായിരുന്ന ഖാലിദ് പാകിസ്താൻ വംശജനാണ്.












