ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾക്ക് സന്ദേശവുമായി ഇന്ത്യൻ എയർഫോഴ്‌സ്. ആഡംബരമായ ആകാശത്തെ തൊട്ടതിന് ശേഷം ഐഎഎഫ് പ്രൗഡിയോടെ ബഹിരാകാശത്തെ സ്പർശിക്കാൻ പോകുന്നുവെന്നാണ് ഐഎഎഫ് എക്‌സിൽ കുറിച്ചത്.
ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികളായ ശുഭാൻഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവരെയാണ് ആക്‌സിയം4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് ശുഭാൻഷു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. എന്തെങ്കിലും കാരണവശാൽ ശുഭാൻഷു യാത്ര ചെയ്യാന സാധിക്കാതെ വന്നാൽ, മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ പകരം ബഹിരാകാശത്തേയ്ക്ക് പോകും.
40 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്ര നടത്തുന്നത്. സോവിയറ്റ് യൂണിയന്റെ പേടകത്തിൽ വ്യോമസേന കമാൻഡറായിരുന്ന രാകേഷ് ശർമയാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി.
Discussion about this post