ബെയ്റൂട്ട് : ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെയും ഹിസ്ബുള്ള സീനിയർ കമാൻഡർ ഷുവാദ് ഷുക്കറിന്റെയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഭീഷണിയുമായി ഇറാൻ. ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിനെയും റെവല്യൂഷണറി ഗാർഡുകളിലേയും കമാൻഡർമാരെ ചുമതലപ്പെടുത്തിയതായും വിവരമുണ്ട്.
എന്നാൽ ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. കഴിഞ്ഞയാഴ്ച ഗോലാൻ കുന്നുകളിൽ നടന്ന റോക്കറ്റ് ആക്രമണത്തിന്റെ പ്രതികാരമാണ് സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റെ കൊലപാതകമെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. തങ്ങൾക്കെതിരായ ഏത് ആക്രമണത്തെയും ശക്തമായി ഞങ്ങൾ നേരിടും എന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.ആക്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ശക്തമായ പ്രതിരോധത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത് .
ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് ബോംബ് ആക്രമണത്തിലൂടെ എന്നാണ് റിപ്പോർട്ട് . ഇറാനിലെ ഗസ്റ്റ് ഹൗസിലേക്ക് രഹസ്യമായി കടത്തിയ ബോംബ് ആണ് ഹമാസ് തലവന്റെ മരണത്തിന് കാരണമായത്. ബെയ്റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടത്.മരണത്തിന് മറുപടി നൽകാൻ ലെബനന്റെ സായുധസംഘം ബാധ്യസ്ഥമാണെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസ്രല്ല ഭീഷണി മുഴക്കിയിരുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഭീഷണിക്ക് മറുപടിയായി രംഗത്തെത്തിയിരുന്നു .
Discussion about this post