പാരീസ്: ചരിത്രപരമായ രണ്ട് മെഡലിന് പിന്നാലെ മൂന്നാം മെഡൽ നഷ്ടത്തിലെ നിരാശ പങ്കുവച്ച് ഇന്ത്യയുടെ അഭിമാനം മനു ഭാക്കർ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ താൻ അൽപ്പം പരിഭ്രമത്തിൽ തന്നെയായിരുന്നു. എങ്കിലും കഠിനമായി തന്നെ പരിശ്രമിച്ചു. ഇത്തവണ വിജയം നേടാൻ കഴിഞ്ഞില്ലെന്നും മനു പറഞ്ഞു.
‘ഈ ഒളിമ്പിക്‌സ് എനിക്ക് നല്ലതു മാത്രമാണ് സമ്മാനിച്ചത്. എപ്പോഴും അടുത്ത തവണയെന്നൊന്ന് ഉണ്ടല്ലോ. അടുത്ത തവണത്തേയ്ക്ക് ആയി ഞാൻ കാത്തിരിക്കുകയാണ്. ഒളിമ്പിക്‌സിൽ രണ്ട് മെഡലുകൾ എനിക്ക് നേടാനായി. അതിലെനിക്ക് എനിക്ക് ഒരുപാട് സന്തോഷമുണ്ട്. എങ്കിലും…. നാലാം സ്ഥാനം എന്നത് അത്ര നല്ല സ്ഥാനമല്ല’- മനു ഭാക്കർ കണ്ണീരോടെ പ്രതികരിച്ചു.
അമിത പ്രതീക്ഷകളുടെ ഭാരം തന്നിലുണ്ടായിരുന്നില്ലെന്നും മനു കൂട്ടിച്ചേർത്തു. സത്യത്തിൽ താൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനൽക്കുകയായിരുന്നു. ഫോൺ പോലും പരിശോധിക്കാറില്ല. അതിനാൽ തന്നെ ചുറ്റും എന്താണ് നടന്നിരുന്നതെന്ന് തനിക്കറിയില്ല. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാൻ പരമാവധി ശ്രമിച്ചു. മിക്ക ഇവന്റുകളിലും നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്. എന്നാൽ, അവസാന ഘട്ടത്തിൽ കാലിടറി. ഈ യാത്രയിലുടനീളം പിന്തുണയേകാൻ തന്റെ ടീം മുഴുവനുണ്ടായിരുന്നു. അതിൽ അതിയായ സന്തോഷമുണ്ടെന്നും മനു ഭാക്കർ വ്യക്തമാക്കി.
നേരീയ വ്യത്യാസത്തിലാണ് മനു ഭാക്കറിന് ട്രിപ്പിൾ മെഡൽ എന്ന ചരിത്ര നേട്ടം നഷ്ടമായത്. മത്സരത്തിൽ പല ഘട്ടത്തിലും മനു മുന്നിലായിരുന്നുവെങ്കിലും അവസാന ഘട്ടത്തിൽ പിഴച്ചു. ഇതോടെ, 25 മീറ്റർ പിസ്റ്റളിൽ മനു ഭാക്കർ നാലാം സ്ഥാനത്താവുകയായിരുന്നു. ദഷിണ കൊറിയയുടെ യാങ് ജിൻ ആണ് സ്വർണം നേടിയത്. ഫ്രാൻസിന്റെ കാമില്ല വെള്ളിയും ഹംഗറി താരം വെറോനിക്ക മേജർ വെങ്കലവും നേടി.
Discussion about this post