ബെയ്റൂട്ട് : ഇസ്രായേലും ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ലെബനനിൽ ഇസ്രായേൽ ആക്രമണം ഉണ്ടാകാമെന്ന് ആശങ്കയുള്ളതിനാൽ തങ്ങളുടെ പൗരന്മാർ എത്രയും പെട്ടെന്ന് ലെബനൻ വിടണമെന്ന് യുഎസും യുകെയും ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമായ ഏത് ടിക്കറ്റും എടുത്ത് എത്രയും പെട്ടെന്ന് ലെബനൻ വിടണം എന്നാണ് ഇരു രാജ്യങ്ങളും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇസ്രായേലിലെ ഗോലാൻ കുന്നുകളിൽ കഴിഞ്ഞ ആഴ്ച ഹിസ്ബുള്ള ഭീകരാക്രമണം നടത്തിയിരുന്നു. ഈ വ്യോമാക്രമണത്തിൽ 12 കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ലെബനനെതിരെ ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ എന്നാണ് സൂചന. ചൊവ്വാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഈ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ സൈനിക മേധാവി ഫൗദ് ഷുക്കറിനെ ഇസ്രായേൽ കൊലപ്പെടുത്തി.
പാലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ തലവനെയും സൈനിക മേധാവിയെയും വധിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഒരു സമ്പൂർണ്ണ യുദ്ധത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത് എന്നാണ് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തപ്പെടുന്നത്. ഗോലാൻ കുന്നുകളിൽ നടത്തിയ വ്യോമാക്രമണത്തോടെ ഇസ്രായേൽ ഹിസ്ബുള്ളയ്ക്ക് എതിരായ നടപടികൾ കടുപ്പിച്ചിരിക്കുകയാണ്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ തന്നെ ചില എയർലൈനുകൾ ലെബനനിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അതിനാൽ ലഭ്യമായ ഏത് ടിക്കറ്റുകളും എടുത്ത് എത്രയും പെട്ടെന്ന് അമേരിക്കൻ പൗരന്മാർ ലബനൻ വിടണമെന്ന് യുഎസ് എംബസി അറിയിച്ചു. തങ്ങളുടെ പൗരന്മാർ ഒഴിപ്പിക്കലിനായി സൈനിക പദ്ധതികളെ കാത്തിരിക്കരുതെന്നും മടങ്ങാൻ പണമില്ലാത്തവർ റീപാട്രിയേഷൻ ലോണുകൾ വഴിയുള്ള സാമ്പത്തിക സഹായത്തിന് എംബസിയെ സമീപിക്കണമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ യുകെ പൗരന്മാരും എത്രയും പെട്ടെന്ന് ലെബനൻ വിടണം എന്ന് യുകെ എംബസിയും അറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post