ന്യൂഡൽഹി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകളുടെ ഇൻഷുറൻസ് ക്ലെയിമുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കി പണം നൽകണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഔദ്യോഗികമായി നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ച് ഇൻഷുറൻസ് കമ്പനികൾ വേഗത്തിൽ പണം വിതരണം നടത്തുന്നതിനായി ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവുകൾ വരുത്തിയിട്ടുണ്ട്.
എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയന്റൽ ഇൻഷുറൻസ്, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് എന്നിങ്ങനെയുള്ള പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്കാണ് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇക്കാര്യം ഇൻഷുറൻസ് കമ്പനികൾ കൃത്യമായി നടപ്പിൽ വരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനറൽ ഇൻഷുറൻസ് കൗൺസിലിനെയും കേന്ദ്രസർക്കാർ നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര ധനകാര്യമന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് പ്രത്യേക നിർദ്ദേശം നൽകിയത്.
ഇതോടെ എത്രയും വേഗത്തിൽ ഉരുൾപൊട്ടൽ ബാധിതരായ പോളിസി ഉടമകളെ ബന്ധപ്പെടുവാൻ ഇൻഷുറൻസ് കമ്പനികൾ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പോളിസി ഉടമകളുടെ മൊബൈൽ ഫോണുകളിലേക്ക് എസ്എംഎസ് വഴിയും, സമൂഹമാദ്ധ്യമങ്ങളിൽ പരസ്യമായും, പത്രങ്ങളിലെ അറിയിപ്പുകളിലൂടെയും മറ്റും വിവരങ്ങൾ നൽകാൻ ഇൻഷുറൻസ് കമ്പനികൾ ആരംഭിച്ചിട്ടുണ്ട്.
Discussion about this post