കൊൽക്കത്ത : വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജിവെച്ച് തൃണമൂൽ കോൺഗ്രസ് മന്ത്രി. പാർട്ടിയിലെ മുതിർന്ന നേതാവും സംസ്ഥാന ജയിൽ മന്ത്രിയുമായ അഖിൽ ഗിരിയാണ് രാജിവെച്ചത്. ഉദ്യോഗസ്ഥയെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്ക് പാർട്ടിയിൽ നിന്നുൾപ്പെടെ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. സമ്മർദ്ദം ശക്തമായതോടെ പാർട്ടി രാജിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖിൽ ഗിരി മന്ത്രിസ്ഥാനം രാജിവെച്ചത്.
ജില്ലാ വനംവകുപ്പ് ഓഫീസർ മനീഷ ഷായെ, മന്ത്രി ഭീഷണിപ്പെടുത്തുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ” ഈ വിഷയത്തിൽ ഇടപെട്ടാൽ നീ തിരിച്ച് വരില്ലെന്ന് ഉറപ്പുവരുത്തും. നന്നായി സംസാരിച്ചില്ലെങ്കിൽ ഞാൻ സ്വയം വടിയെടുത്ത് നിന്നെ അടിക്കും” എന്നാണ് മന്ത്രി ആക്രോശിച്ചത്.
ഈ വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മന്ത്രി വനിതാ ഉദ്യോഗസ്ഥയോട് മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെയ്ക്കണം എന്നുമുള്ള ആവശ്യങ്ങളും ഉയർന്നു. തുടർന്ന് രാജിവെയ്ക്കാൻ താൻ തയ്യാറാണെന്നും എന്നാൽ ഒരിക്കലും മാപ്പ് പറയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.
”വനിതാ ഉദ്യോഗസ്ഥയോട് അത്തരത്തിൽ പെരുമാറിയത് ദൗർഭാഗ്യകരമാണ്. ഞാൻ അത്തരത്തിൽ സംസാരിച്ചിരുന്നില്ലെങ്കിൽ പ്രശ്‌നമാവില്ലായിരുന്നു. അതിൽ ഞാൻ ഖേദിക്കുന്നു. എന്നാൽ ഇതിന്റെ ഏക ഉത്തരവാദി വനിതാ ഉദ്യോഗസ്ഥയാണ് ” രാജിവെച്ചതിന് പിന്നാലെ അഖിൽ ഗിരി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി തന്നോട് മാപ്പ് ചോദിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജിവെയ്ക്കാൻ മാത്രമാണ് നിർദ്ദേശിച്ചത് എന്നുമാണ് അഖിൽ ഗിരി മാദ്ധ്യമങ്ങളോട് പറഞ്ഞത്.













Discussion about this post