ധാക്ക: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊതുജന പ്രക്ഷോഭങ്ങൾക്കായിരുന്നു ബംഗ്ലാദേശ് കഴിഞ്ഞ ഏതാനും നാളുകളായി സാക്ഷ്യം വഹിച്ചത്. ആളിക്കത്തിയ പ്രക്ഷോഭം അവസാനം എത്തിച്ചേർന്നതാകട്ടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്കും. ഭയന്ന് സഹോദരിയ്‌ക്കൊപ്പം ഹെലികോപ്റ്ററിൽ രാജ്യം വിട്ടിരിയ്ക്കുകയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയില്ലാത്ത ബംഗ്ലാദേശിൽ അടുത്തതായി എന്താണ് സംഭവിക്കുക?. ബംഗ്ലാദേശ് ഇനി ആര് ഭരിക്കും?.
അനധികൃതമായി സർക്കാർ രൂപീകരിക്കാൻ ആരെയും അനുവദിക്കില്ലെന്നാണ് ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസീദ് ജോയ് വ്യക്തമാക്കുന്നത്. സുരക്ഷാ സേനയെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇതേസമയം തന്നെ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതയി സൈനിക മേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിലെ സാഹചര്യങ്ങൾ പ്രവചനങ്ങൾക്ക് അതീതമാണ്.
തൊഴിൽ സംരവണത്തിന്റെ പേരിൽ രാജ്യത്ത് നിലവിൽ തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുമെന്നും സമാധാനം പുന:സ്ഥാപിക്കും എന്നുമാണ് സൈനിക മേധാവി വഖാർ ഉസ് സമാൻ പറയുന്നത്. ഇടക്കാല സർക്കാർ രൂപീകരിക്കും. പ്രക്ഷോഭവുമായി ബന്ധപ്പെട്ട എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് തൊട്ട് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വാർത്താ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അൽപ്പനേരങ്ങൾക്ക് മുൻപായിരുന്നു രാജിവയ്ക്കുന്നതായുള്ള ഷെയ്ഖ് ഹസീനയുടെ പ്രഖ്യാപനം. പ്രക്ഷോഭം അതിരുവിട്ടതോടെ ഹസീന രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയിലാണ് ഹസീന അഭയം തേടിയിരിക്കുന്നത്.
Discussion about this post